Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് ഇടുക്കി ജില്ലയിലെ മൂന്നാറിലാണ്. അൾട്രാവയലറ്റ് സൂചികയിൽ എട്ട് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), പത്തനംതിട്ട ജില്ലയിലെ കോന്നി (ഏഴ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ഏഴ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), പാലക്കാട് ജില്ലയിലെ തൃത്താല (ആറ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്.
അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. അതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നു മുന്നറിയിപ്പിൽ പറയുന്നു.
National
ന്യൂഡൽഹി: മോൻത ചുഴലികാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രാ തീരത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചുഴലികാറ്റ് ഇന്ന് രാത്രിയോടെ കര തൊടും. ഒഡീഷ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.
മഴയ്ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതോടെ മൂന്ന് സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്. ആന്ധ്രപ്രദേശിലും ഒഡീഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ ആന്ധ്രയിലെയും ഒഡീഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഇന്ന് വൈകുന്നേരത്തോടെ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കക്കിനടയുടെ സമീപം മോൻത ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രവചനം.
Kerala
തിരുവനന്തപുരം: തുലാവർഷത്തിന് ശക്തി കുറയുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂരും കാസർഗോഡും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ പെയ്യും.
കടലാക്രമണം ശക്തമായതിനാൽ 27 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
ഇടുക്കി: ശനിയാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ ഇടുക്കി ജില്ലയിലെ മലയോര പ്രദേശങ്ങളിൽ വ്യാപക നാശം. കുമളി ഒന്നാം മൈൽ ഭാഗത്തെ കടകളിലും വീടുകളിലും വെള്ളം കയറി.
ഒന്നാം മൈൽ, വലിയകണ്ടം, മഹിമ റോഡ് തുടങ്ങിയ ഭാഗത്തെ പല വീടുകളിലും വെള്ളം കയറി. കുമളി ടൗണിലെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കുമളി ചെളിമടയ്ക്ക് സമീപം കെ.കെ.റോഡിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസപ്പെട്ടു.
അതേസമയം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
Kerala
തിരുവനന്തപുരം: തുലാവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വ്യാഴാഴ്ച തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തുലാവർഷത്തിനുള്ള അന്തരീക്ഷ ഘടകങ്ങൾ അനുകൂലമായതിനാൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഇക്കുറി തുലാവർഷം തുടക്കത്തിൽ തന്നെ കനക്കാനാണ് സാധ്യത.
Kerala
വയനാട്: പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളിൽ പുതിയ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. നേരത്തേയുണ്ടായ ഉരുൾപൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. ഇത് കുറച്ചുകാലം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
പുന്നപ്പുഴയോട് ചേർന്നുള്ള നോ ഗോ സോണിൽ പ്രവേശിക്കരുതെന്നും പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. മുണ്ടക്കൈ മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടെന്നും ഉരുൾപൊട്ടിയെന്ന് സംശയം ഉണ്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു.
വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. പുന്നപ്പുഴയില് ശക്തമായ ഒഴുക്കുണ്ട്. ചെളി കലങ്ങിയ വെള്ളമാണ് നിലവില് പുഴയിലൂടെ ഒഴുകുന്നത്. ചൊവ്വാഴ്ച രാത്രി 100 മിമി മഴ ഇവിടെ ലഭിച്ചെന്നാണ് വിവരം. ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്കുണ്ട്.
അതേസമയം ഇവിടെയെത്തിയ വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ സംഘത്തെ നാട്ടുകാർ തടഞ്ഞു. പുനരധിവാസത്തിലെ പിഴവും സുരക്ഷാ വീഴ്ചയും ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.